Tuesday, June 19, 2012

അവര്‍ ...

കുറെ ദിവസം മുന്നേ ആയിരുന്നു ....
അന്ന് ഉച്ചയ്ക്ക് ഊണ് കഴിച്ചു കിടക്കുമ്പോഴാണു അനുമോദ്‌ ചോദിച്ചത് ...
"ബീച്ചില്‍ പോവാം??"
"ശരി പോയ്ക്കളയാം. പക്ഷെ ഇപ്പൊ വേണ്ട, ഒരു ആറ് മണി കഴിയട്ടെ..."
"അത് ശെരിയാ... ഇപ്പൊ പോയാ ഒന്നും കാണാന്‍ പറ്റൂല്ല... "

അങ്ങനെ അത് പ്ലാന്‍ ചെയ്തു . വൈകുന്നേരം തിരുവന്മിയൂര്‍ ബീച്ച് ....
ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തൂന്നു വെറും പത്തു മിനിറ്റ്‌ നടക്കാന്‍ ഉള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ ....

ഇരുട്ടിക്കഴിഞ്ഞു ബീച്ചില്‍ പോകുന്നതിനു കാരണം ഉണ്ടായിരുന്നു ... അപ്പൊ പോയാലെ നല്ല "പിള്ളേരെ" കാണാന്‍ പറ്റൂ....

ഏതാണ്ട് ആറു മണി കഴിഞ്ഞപ്പോ ഞങ്ങള്‍ ഇറങ്ങി ....
ബീച്ചില്‍ പതിവ് പോലെ യുവ മിഥുനങ്ങള്‍ മാത്രമേ ഉള്ളൂ....


"ഇന്ന് നല്ല കളക്ഷന്‍ ആണല്ലോ.... നമുക്ക്‌ അങ്ങോട്ട്‌ നടക്കാം"
കൊട്ടിവാക്കം ബീച്ചിലേക്ക് നടന്നു പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

ബീച്ചിലെ ഒരു ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോ അനുമോദ്‌ ആണ് കാണിച്ചു തന്നത് ...

"അളിയാ നോക്ക് ആ ചെക്കനെയും പെണ്ണിനെയും ... ഇരിക്കണ കണ്ടാ???"

അവിടെ ആളൊഴിഞ്ഞ ഭാഗത്ത്‌ ഒരു ചെറുപ്പക്കാരനും കൂടെ ഒരു പെണ്‍കുട്ടിയും .

അവന്‍റെ തോളില്‍ തല ചായ്ച്ചു വെച്ച് കടലും നോക്കി ഇരിക്കയാണ് അവള്‍...

"വിട്ടു കള അളിയാ ... അവരവിടെ എന്തോ കാണിക്കട്ടെ .... ചിലപ്പോ കെട്ടിയതായിരിക്കും..... "

"നീ പോടാ .... കെട്ടിയ പെണ്ണിനെ എന്തിനാ ഇങ്ങനെ ഒതുക്കി കൊണ്ട് വന്നിരിക്കണേ???
നമ്മളൊക്കെ ഇത്രയും പച്ചയായി ഇവിടെ നിക്കുമ്പം ഇവനെ പോലെയുള്ളവന്മാര്‍ ആഘോഷിക്കയല്ലേ..... ഇതങ്ങനെ വിട്ടു കൊടുക്കാന്‍ പറ്റില്ല..."

അവന്‍ ഉറച്ചു തന്നെയാ ... ഞങ്ങള്‍ ഏതാണ്ട് അവരുടെ പുറകിലായി ഇരിപ്പുറപ്പിച്ചു ....

ദൂരെ തിരയിളകുന്നതും, ലൈറ്റ്ഹൗസും ഒക്കെ അവന്‍ അവള്‍ക്ക് കാണിച്ചു കൊടുക്കുന്നുണ്ട് ....

"എന്താട .. അവള് ആദ്യമായിട്ടാണോ കടപ്പുറത്ത് വരണേ??"
"ചിലപ്പോ അവന്റെ കൂടെ ആദ്യമായിട്ടായിരിക്കും.. കഴിഞ്ഞ ആഴ്ച വന്നത് വേറെ ആരുടെങ്കിലും കൂടെ ആയിരിക്കും .... "


"എടാ പെണ്ണ് മലയാളിയാ .. കണ്ടാല്‍ അറിയാം .. ചെറുക്കനെ കണ്ടിട്ട് ഒരു കൂറ ലുക്ക്‌ ..."
"എന്നാലും നമ്മള്‍ അവനെ ബഹുമാനിക്കണം.. ഇങ്ങനെ ഇരിക്കണ അവന്റെ കൂടെ ഉള്ള പെണ്ണിനെ കണ്ടാ??? ഇവനൊക്കെ എങ്ങനാണോ ഇവളെ ഒക്കെ വളയ്ക്കുന്നത് ...
"അളിയാ നീ പറഞ്ഞത് ശെരിയാ .. ഇവളെ അല്ലെ നമ്മള് അന്ന് "സത്യ"ത്തില്‍ വെച്ച് വേറെ ഒരുത്തന്റെ കൂടെ കണ്ടത്?"

"പോടാ ... അത് വേറെ ..."

സമയം ഒരുപാട് കടന്നു പോയി .. ഇരുട്ട് നന്നായി പരന്നപ്പോള്‍ ആ ചെറുപ്പക്കാരന്‍ എണീറ്റു.

ഒരു പൂവിറുക്കുന്ന ലാഘവത്തോടെ അവന്‍ അവളെ കോരിയെടുത്തു...
എന്താണ് സംഭവിക്കുന്നത് എന്ന് ഞങ്ങള്‍ക്ക് മനസിലായില്ല..

ഞങ്ങള്‍ക്ക് കുറച്ചു പുറകിലായി വെച്ചിരുന്ന വീല്‍ചെയറില്‍ അവന്‍ അവളെ ഇരുത്തി.
വീല്‍ചെയറിന്‍റെ പെഡലില്‍ സ്വാധീനമില്ലാത്ത ആ കാലുകള്‍ അവനെടുത്തു വെയ്ക്കുമ്പോള്‍ അവള്‍ ചോദിച്ചു -
"ചേട്ടാ.... താമസിച്ചതിനു അമ്മ വഴക്ക് പറയോ??"
"ഇല്ല .."

അത്ഭുതത്തോടെ നോക്കിയിരുന്ന ഞങ്ങളെ നോക്കി ഒന്ന് ചിരിക്കാന്‍ അവള്‍ മറന്നില്ല..

**********************************************************************

പിന്നീട് പലപ്പോഴും ഞങ്ങള്‍ അവരെ കണ്ടിട്ടുണ്ട് ....
വികലാംഗയായ ആ അനിയത്തിയോടും അവളുടെ ജ്യേഷ്ഠനോടും ഞങ്ങള്‍ക്ക് എന്നും അസൂയയേ തോന്നിയിട്ടുള്ളൂ ...

No comments:

Post a Comment