Tuesday, March 26, 2024

സമ്മാനം ...

"സൂര്യാ ... " വിളി കേട്ട ഉടനെ അവള്‍ തിരിഞ്ഞു നോക്കി ....
"ഹായ് ...  നീയോ ??  നീയും ഇവിടെ പ്ലേസ്ട് ആയിരുന്നോ??" എന്നെ അവള്‍ മറന്നിരുന്നില്ല എന്നത് എനിക്ക് അദ്ഭുതം ആയിരുന്നു ...

"അതേയ് .. വേറെ ഒരു കോളേജില്‍ പോയി അറ്റന്‍ഡ് ചെയ്തു .. എങ്ങനെയോ പാസ്സ് ആയി ..."
"ഓ.. അല്ലേലും പണ്ടേ നിനക്ക് കുറച്ചു വിനയം കൂടുതലാ... അത് എന്നോട് വേണ്ട .....  എന്തായാലും എനിക്ക് സന്തോഷം ആയി .... ഒരു കൂട്ടില്ലാതെ വിഷമിച്ചു നടക്കയായിരുന്നു .."

അവള്‍  പറഞ്ഞത്‌ സത്യമായിരുന്നു .... ഐ.ടി കമ്പനിയിലെ ആദ്യത്തെ ദിവസം തന്നെ ഒരു കൂട്ടും ഇല്ലാതെ ബോറടിച്ചു നടന്ന എനിക്കും അവളെ കണ്ടപ്പോഴാണ് സമാധാനം ആയത് ..
അവളെ സ്കൂളില്‍ നിന്നാണ് എനിക്ക് പരിചയം ... ഒരു പഞ്ചപ്പാവം ...  പക്ഷെ ഇപ്പൊ കണ്ടാല്‍ അങ്ങനെ ആരും പറയില്ല .. ഐ.ടി ഉദ്യോഗസ്ഥ തന്നെ ...

"എന്താട .. നീ ഇങ്ങനെ കണ്ണ് മിഴിച്ചു നോക്കുന്നത് ?? "
"ഹേ .. ഒന്നൂല്ല .. നിനക്ക് എന്തൊരു മാറ്റമാടീ....???"

"ഹി ഹി  .. അത് പിന്നെ വേണ്ടേ ?? നീ വാ.. വിശന്നു കുടല് കരിയുന്നു ... വല്ലതും തിന്നാം ..."
"ഓ.. പറഞ്ഞത് തിരിച്ചെടുത്തു .. ഇപ്പോഴും ആര്‍ത്തിക്ക് ഒരു കുറവും ഇല്ല അല്ലെ??... "

"ഇത് കേട്ടാല്‍ തോന്നും പണ്ട് നമ്മള്‍ ഒരുമിച്ചാ കഴിച്ചിരുന്നത് എന്ന് .. സ്കൂളില്‍ വെച്ച് തന്നെ നീ എന്നോട് ഒന്നോ രണ്ടോ തവണ മാത്രേ സംസാരിച്ചിട്ടുള്ളൂ.. എന്നിട്ടാ ... . "

" ഞാന്‍ നിന്നോട് ഒരിക്കലേ സംസാരിച്ചിട്ടുള്ളൂ..   ഒരിക്കല്‍ മാത്രം ... നിനക്ക് ഓര്‍മ ഉണ്ടോ എന്നറിയില്ല ... .." അതിനെപ്പറ്റി ചോദിച്ചാലോ എന്ന് വിചാരിച്ചു ...  പക്ഷെ  ജാള്യത കാരണം വേണ്ട എന്ന് വെച്ചു...

അവള്‍ക്കു ഒരു ഭാവമാറ്റവും ഇല്ലായിരുന്നു .. "അതൊക്കെയുണ്ട് ... നീ വാ... "


പിന്നീട് ഒരിക്കലും ഞാന്‍ അവിടെ നിന്ന് ഒറ്റയ്ക്ക് ഭക്ഷണം കഴിച്ചിട്ടില്ല ... അവളും കൂടെ ഉണ്ടാകും ....

**********************************************************************
 "ഇവിടെ വന്നിട്ട് ആറു മാസം ആയി . ഇത് അവരെ ഒരിടത്തും പോയിട്ടില്ല ...ഈ ആഴ്ച നീ എവിടെയാ കറക്കം ??"

"ഈ ആഴ്ച്ച ബീച്ചില്‍ പോയാലോ എന്നാലോചിക്കുവാ .. " പ്ലാന്‍ ഒന്നും ഇല്ലായിരുന്നു ...  ചുമ്മാ അവളെ ദേഷ്യം പിടിപ്പിക്കാന്‍ എനിക്കിഷ്ടമായിരുന്നു ...

"എടാ . ഞാന്‍ കൂടെ വരട്ടെ... "
"എടീ .... പക്ഷെ .. ഞാന്‍ ബൈക്കില്‍ ആണ് പോകുന്നതു  ..  "

"അതിനെന്താ?? നിനക്ക് കുഴപ്പം ഉണ്ടോ??  "

"ഇല്ല... "

"എന്നാ .. അപ്പോ ഇനി വേറെ ഒന്നും ആലോചിക്കാനില്ല ..  പക്ഷെ ഒരു കണ്ടീഷന്‍ .. ലേറ്റ് ആയാല്‍ എന്നെ ഹോസ്റ്റലില്‍ കൊണ്ട് വിടണം .."

"വിടാം .." സമയവും എല്ലാം അവള്‍ തന്നെ തീരുമാനിച്ചു ..

ആ  മൂന്നു മണിക്കൂര്‍ പോയത് ഞാന്‍ അറിഞ്ഞതേയില്ല .. അത്രയ്ക്കും സംസാരിച്ചു അവള്‍ .. അവളെപ്പറ്റി .. അവളുടെ വീട്ടുകാരെപ്പറ്റി ... അവള്‍ എഴുതുന്ന കഥകളെ പറ്റി ...

"എടാ അടുത്ത മണ്ടേ എക്സാം അല്ലെ?? ശനിയാഴ്ച ഞാന്‍ കമ്പനീല്‍ പോകുന്നുണ്ട് .. നീയും വാ,.. "

"പിന്നേ ശനിയാഴ്ച ഉറങ്ങാനുള്ള ദിവസമാ .. ഞാനില്ല .. "
"അയ്യട .. മര്യാദയ്ക്ക് വന്നോളണം ... നീ പഠിക്കാതെ പരീക്ഷ തോറ്റാല്‍ എനിക്കാ പ്രശ്നം .. ഞാന്‍ പിന്നെ ആരോട് കത്തി വെയ്ക്കും ??  ശനിയാഴ്ച ഷട്ടില്‍ ഇല്ല .. കാലത്ത് നീ എന്നെ വിളിക്കുന്നു , നമ്മള്‍ ഒരുമിച്ചിരുന്നു പഠിക്കുന്നു .. നീ രാത്രി എന്നെ വീട്ടില്‍ കൊണ്ടാക്കുന്നു .. എന്താ?? "

"നീ തീരുമാനിച്ചാ പിന്നെ അപ്പീല്‍ ഇല്ലല്ലോ .. "

************************************************************

നാളെ അവളുടെ പിറന്നാള്‍ ആണ് ...  രണ്ടു രണ്ടര വര്‍ഷം കഴിഞ്ഞിട്ടും ഇത് വരെ ഞാന്‍ അവള്‍ക്ക് ഒരു ബര്‍ത്ത്ഡേ ഗിഫ്റ്റും വാങ്ങിക്കൊടുത്തിട്ടില്ല .. പക്ഷെ ഇത്തവണ അങ്ങനെ അല്ല .. ഇനി ഒരു അവസരം ഉണ്ടാവില്ല എന്നെനിക്കറിയാം ... അവള്‍ ഈ വര്‍ഷം അവസാനത്തോടെ പോകുമല്ലോ ...

കടയില്‍ പോയി നില്‍ക്കുമ്പോള്‍ എന്ത് വാങ്ങണം എന്ന് എനിക്കറിയില്ലായിരുന്നു  ... ദീപകിന്‍റെ വാക്കുകള്‍ ഓര്മ വന്നു .. " എടാ ഇന്നെങ്കിലും പറയണം .. നീ കൊടുക്കുന്ന ഗിഫ്റ്റില്‍ അവള്‍ക്കു കാര്യം മനസിലാവണം .. "

മൂലയില്‍ ഇരുന്ന ആ  ചുവന്ന ബൈണ്ടിട്ട പുസ്തകം ഞാന്‍ എടുത്തത്‌ എന്തിനാണെന്ന് എനിക്കറിയില്ല ... "ഇതില്‍ എഴുതി കൊടുത്താലോ?? അവള്‍ക്ക് കഥ എഴുതാന്‍ എന്റെ വക ഒരു സമ്മാനം ... "
"പക്ഷെ .. അവളുടെ മനസ്സ് എനിക്കറിയിലല്ലോ .."
ആത്മഗതം ആയിരുന്നിട്ടും പുറകില്‍ നിന്ന മദ്ധ്യവയസ്ക്കന്‍ ഉത്തരം പറഞ്ഞു ...  "മനസറിയാന്‍ ആണെങ്കില്‍ ഇത് തന്നെയാ പറ്റിയ സമ്മാനം .... "

"എന്തോ പറഞ്ഞ പോലെ തോന്നി .. "
"ഇല്ല സര്‍ .. ഒന്നും പറഞ്ഞില്ല ... "

"നിങ്ങള്‍ ആരാ? "
"ഞാന്‍ ഇവിടത്തെ സ്റ്റാഫ്‌ ആണ് സര്‍ ... "

എന്തോ .. ഞാന്‍ ആ പുസ്തകം തന്നെ തിരഞ്ഞെടുത്തു ....

****************************************************************

 "ഹോ ... ഇപ്പോഴെങ്കിലും തോന്നിയല്ലോ .... എല്ലാ തവണയും ഞാന്‍ വെറുതെ ആലോചിക്കും നീ ഗിഫ്റ്റ്‌ തന്നു എന്നെ സര്‍പ്രൈസ് ചെയ്തിരുന്നെങ്കില്‍ എന്ന് .. പക്ഷെ ഇപ്പൊ എനിക്ക് സന്തോഷം ആയി .. "  ഒരു കൊച്ചു കുട്ടിയെ പോലെ അവള്‍ ചിരിച്ചു ..
***************************************************************
തിരിഞ്ഞും മറിഞ്ഞും കിടന്നു ഉറങ്ങിയപ്പോ ഒരു നേരം ആയി ....
കുറെ നാളുകള്‍ക്കു ശേഷം അന്നാണ് ഞാന്‍ സ്വപ്നം കണ്ടത് ..

ഇഷ്ടമുള്ള പെണ്ണിനോട്  അതറിയിക്കാന്‍ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥ ആണ് സ്വപ്നത്തില്‍ കണ്ടത് ... സാധാരണ കാണുന്ന പോലെ ആയിരുന്നില്ല ... ഒരു കഥ പോലെ അടുക്കോടെ ആണ് അതു കടന്നു പോയതു ...

ഉണര്‍ന്നപ്പോഴും ഷോപ്പിംഗ്‌ മാളില്‍ വെച്ച് തന്റെ സ്നേഹം അവളെ അറിയിച്ച ആ ചെറുപ്പക്കാരനെ എനിക്ക് വ്യക്ത്തമായി ഓര്‍മയുണ്ടായിരുന്നു .. അവള്‍ പക്ഷെ മറുപടി ഒന്നും പറഞ്ഞില്ല . അതിനു മുന്നേ ഞാന്‍ ഉണര്‍ന്നു പോയി ..

ഫോണ്‍ ബെല്ലടിച്ചു .... അവള്‍ ആണ് .... "എടാ .. നിന്റെ ഗിഫ്റ്റ്‌ ഇന്നലെ തന്നെ ഞാന്‍ യൂസ് ചെയ്തു കേട്ടോ .. ഒരുപാട് കാലം ആയിട്ട് മനസ്സില്‍ റെഡി ആക്കി വെച്ചിരുന്ന ഒരു കഥ എഴുതി .....
രോഹിണിയെ സെലക്ട്‌ ചെയ്ത രാഹുലിന്റെ കഥ പണ്ട് ഞാന്‍ എഴുതിയത് നിന്നോട് ഞാന്‍ പറഞ്ഞിട്ടില്ലേ??"


"അതേയ് .. 'വധു' എന്നല്ലേ അതിന്റെ പേര്  .. നീ അത് അന്നേ എഴുതി തീര്‍ത്തതല്ലേ ??"

"മണ്ടാ... അന്ന് അവന്‍ ഭാവി വധുവായി അവളെ തീരുമാനിച്ചതല്ലേ ഉള്ളൂ... അവന്‍ അവളോട്‌ ഇഷ്ടം പറഞ്ഞില്ലല്ലോ ..
അതാണ്‌ സെക്കന്‍ഡ്‌ പാര്‍ട്ട്‌ .. 'രോഹിണി'.
ആദ്യത്തെ കഥ തീര്‍ന്ന അതേയ് ഷോപ്പിംഗ്‌ മാളില്‍ വെച്ച് അവന്‍ അവളോട്‌ ഇഷ്ടം പറയും ... "

"എവിടെ വെച്ച് ??"

"ഷോപ്പിംഗ്‌ മാളില്‍ വെച്ച് ..."

"എന്നിട്ട് ...  ??"

അവള്‍ കഥ പറഞ്ഞു ..  ഒരു കൊള്ളിയാന്‍ മിന്നി ... ഞാന്‍ കണ്ട സ്വപ്നം .... !!! അതേയ് അത് തന്നെ ..!!!

"എന്നിട്ട് അവസാനം അവള്‍ എന്ത് മറുപടി പറഞ്ഞു ?? "

"അവള്‍ക്കു അവനെ ഇഷ്ടമാ .. പക്ഷെ അത് എങ്ങനെ തീര്‍ക്കും എന്ന് എനിക്ക് സംശയം .. അത് മാത്രം എഴുതാതെ ബാക്കി വെച്ചു .. എങ്ങനുണ്ട് .."

"കൊള്ളാം .... എടീ ഇന്ന് എനിക്കൊരിടം വരെ അത്യാവശ്യം ആയിട്ട് പോണം .. വൈകുനേരം കാണാം .. "

"ശരി എടാ .... പ്രശ്നം ഒന്നും ഇല്ലല്ലോ അല്ലേ ??"


"ഇല്ല.. പ്രശ്നം ഒന്നും ഇല്ല .. "

നേരെ  ഗിഫ്റ്റ്‌ ഷോപ്പിലേക്കാമാണ് പോയത് ... അയാള്‍ അവിടെ തന്നെ ഉണ്ടായിരുന്നു ... " ആ പുസ്തകം ... ??? "
"എന്താ അത് വേണ്ടെങ്കില്‍ റിട്ടേണ്‍ ചെയ്തോളൂ സര്‍ .. " ചിരിച്ചു കൊണ്ടാണ് അയാള്‍ അത് പറഞ്ഞത്

"ഇല്ല  .. ഒന്നും ഇല്ല ... "

*********************************************
സ്വപ്‌നങ്ങള്‍ പതിവായി ... അവളുടെ കഥകളും ... അത് ഒരു തരം ആവേശമായി എന്നെ ബാധിച്ചു തുടങ്ങി .... സ്വപ്‌നങ്ങള്‍ പാതി വെച്ചു ഉണരുമ്പോള്‍ ഞാന്‍ അസ്വസ്ഥനായി....
എന്നെങ്കിലും ഒരു ദിവസം ഞാന്‍ തേടി നടക്കുന്ന ഉത്തരം അവയില്‍ ഉണ്ടാകും എന്ന് ഞാന്‍ പ്രതീക്ഷിച്ചു ...
 എനിക്ക് ഭ്രാന്ത് പിടിക്കയാണോ എന്ന് പോലും ഞാന്‍ സംശയിച്ചു .. പക്ഷെ എനിക്കത് ഇഷ്ടമായിരുന്നു ...

അതിനെപ്പറ്റി മാത്രം ഞാന്‍ അവളോട്‌ മറച്ചു വെച്ചു ..

**********************************************************

അവസാനം ആ ദിവസവും വന്നു ... അവള്‍ ഇന്ന് നാട്ടിലേക്ക് പോകും .

 സ്റ്റേഷനിലേക്ക് ഞാനും ചെന്നു..

ബാഗ്‌ ഒക്കെ ഉള്ളില്‍ വെച്ചു അവളും അകത്തു കയറി ഇരുന്നു ....
ഞാന്‍ പുറത്തു ജന്നലിന്റെ അടുത്തും .. പതിവില്ലാതെ അവള്‍ ഒന്നും മിണ്ടാതെ ഇരുന്നു ..

സിഗ്നല്‍ കിട്ടി .. ട്രെയിന സ്റ്റാര്‍ട്ട്‌ ചെയ്തു .    -" ഇന്ന് കഴിഞ്ഞാല്‍ ഒരു പക്ഷെ ഇനി ഒരിക്കലും അവളെ എനിക്ക് കാണാന്‍ കഴിഞ്ഞെന്നു വരില്ല... "

ആ ചിന്ത തന്ന ധൈര്യം ചെറുതല്ലായിരുന്നു ...
"നിനക്കൊര്‍മയുണ്ടോ നമ്മള്‍ ആദ്യമായി സംസാരിച്ചത് .... ??"
"പിന്നേ .. കമ്പനീല്‍ വെച്ചു ഫസ്റ്റ് ഡേ .... അതിനു ശേഷം അല്ലെ നീ എന്റെ വേതാളം ആയത് .... "അവള്‍ ചിരിക്കാന്‍ ശ്രമിക്കയാണെന്നു തോന്നി ...

"അതല്ല .. അതിനും മുന്നേ .. സ്കൂളില്‍ വെച്ചു .. ഒരിക്കല്‍ മാത്രം ..
അന്ന് നിന്നെ ഇഷ്ടം ആണെന്ന് ഞാന്‍ പറഞ്ഞിരുന്നു .. "

അവളുടെ  മുഖം മാറി ... വേണ്ടായിരുന്നു എന്നെനിക്ക് തോന്നി ....  പറഞ്ഞില്ലായിരുന്നു എങ്കില്‍ അവള്‍ എന്നും എന്റെ സുഹൃത്തായി എങ്കിലും ഇരിക്കുമായിരുന്നില്ലേ?? ഇല്ല എനിക്കത് വയ്യ .. പറഞ്ഞെ പറ്റൂ...

"അന്ന് നീ മറുപടി ഒന്നും തരാതെ പോയി ... എനിക്കിപോഴും ഇഷ്ടം ആണ് ... എങ്ങനെ പറയണം എന്നറിയാത്തത് കൊണ്ടാണ് ഇത് വരെ പറയാത്തത് ... ഇനിയും പറയാതെ വയ്യ .. "

"എടാ ..  ഞാന്‍ ...."മുഴുമിക്കാന്‍ കഴിയാതെ അവള്‍ പോയി ....

ഫോണ്‍ ചെയാന്‍ തോന്നിയില്ല .. അവളും തിരിച്ചു വിളിച്ചില്ല...
ഹോസ്റ്റലില്‍ പോകാ തോന്നിയില്ല ... ബീച്ചില്‍ തന്നെ ഇരുന്നു രാത്രി വൈകും വരെ ....

*********************************************************
 ട്രെയിനില്‍ വെച്ചു അവള്‍ അവനെത്തന്നെ ഓര്‍ത്തിരിക്കയായിരുന്നു .

"എന്തേ ഇത്രയും കാലം പറഞ്ഞില്ല ... ഒരു വാക്ക് പോലും സൂചിപ്പിച്ചില്ല .. അതൊക്കെ മറന്നു കാണും എന്നാണു ഞാന്‍ കരുതിയത്‌ "

അവള്‍ ബാഗില്‍ നിന്നു അവന്റെ സമ്മാനം എടുത്തു ...
"ഈ പുസ്തകം കിട്ടുമ്പോള്‍ , അതില്‍ നിന്റെ ഹൃദയവും ഉണ്ടാകും എന്ന് ഞാന്‍ പ്രതീക്ഷിച്ചു ... ഒരു വാക് നിനക്ക് കുറിചിടാമായിരുന്നില്ലേ??"

അവളുടെ മനസാക്ഷിക്ക് തുല്യം അവള്‍ ഇന്ന് സ്നേഹിക്കുന്ന ആ സമ്മാനത്തിന്റെ ആദ്യ താളില്‍ അവള്‍ എഴുതി  "എനികിഷ്ടമായിരുന്നു .. അന്നും .. "

കടലിരമമ്പുന്ന ശബ്ദത്തില്‍ ആണ് ഞാന്‍ അത് കേട്ടത് ...  ബാക്കി കേള്‍ക്കാന്‍ നിന്നില്ല .. അതിനു മുന്നേ ഞാന്‍ ഉണര്‍ന്നെനീറ്റു ...  !!!

Sunday, February 22, 2015

Tears ...

A joker who cries is never better than One with a bad makeup .
Others just see dripping paint !!!

Monday, February 2, 2015

Colours ...

One of the most precious gifts I had ever got in my childhood was a 'water colour paint' box.
I was never a good at drawing, but I simply loved mixing colours in water.
I would take a glass of clear water and gently dip a paint brush into it.
I loved to watch the cloud formation with which colours slowly mix with the clear liquid. I am sure everyone would have tried this in one way or the other.
To me at that age, that was a much easier form of art than actually painting something on paper using the same brush.

I would go on and experiment with multiple colours to achieve more structures and combinations.
As would be in any learning curve, it took some time before I was an expert in this activity by discreetly identifying the good and the bad combinations.
This 'mixing game' as we may call it, was not always a success because some combinations would be nothing but a crash land!! Even those 'successful colours' would be an eye sore, if not at the right amount.
I used to play like this for hours and at every  'Game Over' point, I would simply empty the glass and fill it with clear water and Start all over again.

As I realized down the lane, our life is like the glass of water and the people or characters we invite into it are colours from a dripping paint brush. You got to make the right decision of colours ,and that too in the right amount to win this game.
Please make sure you choose the 'right colours' on the way forward, and remember , we are all provided with just one glass of water and no second chances with it !!

Sunday, May 26, 2013

A Piece

*  You know very well that it can be a pit,
You know very well that you are afraid of it,
Yet you go on just to have a piece of it,
For that's what that can pull you ..
Down to the ditches or Up to the peaks .... 
A piece of cake, or a thorny walk 
What matters, "Are You Ready Or Not"
Even may be that not matters,
Since you are already half way down
* And hence, You go on just to  have a piece of it 
...
 

Saturday, December 15, 2012

മകള്‍ ...

ജോലി കഴിഞ്ഞു വീട്ടില്‍ വന്നു കയറിയതെ ഉണ്ടായിരുന്നുള്ളൂ...
ഡോറിനടുത്തു ഐഡി കാര്‍ഡ്‌ തൂക്കിയിടുമ്പോള്‍ അതിലെ ഫോട്ടോ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു ...
"NANDANA SADASIVAN, SENIOR ANIMATOR, BETTER SOLUTIONS Pvt.Ltd."
 അഭിമാനം തോന്നി .... ഒരു പെണ്ണിന് പറ്റുന്ന പണി "Teaching"  മാത്രമാണെന്ന് പറഞ്ഞ എല്ലാവരോടും ഉള്ള മറുപടി ആണ് ഈ ഐഡി കാര്‍ഡ്..
"നന്ദൂ ..... ഇന്ന് ഡിന്നര്‍ എന്താ?? എനിക്ക് ഇപ്പോഴേ വിശക്കുന്നു ....."
ഭര്‍ത്താവാണ്.. പുള്ളിക്കാരന്‍ ഇന്നും ഓഫീസ്സില്‍ പോയിട്ടില്ല.. "ഓ..  ഈ ഐ.റ്റി കാര്‍ക്ക് "Work From Home" എന്നൊരു ഓപ്ഷന്‍ ഉണ്ടല്ലോ ...."
അടുക്കളയില്‍ ചെന്നു നോക്കി ...  "പ്രദീപ്‌!!!  .... ഉച്ചയ്ക്ക് കഴിച്ച പ്ലേറ്റ് എങ്കിലും ഒന്ന് കഴുകി വെച്ചൂടെ നിനക്ക്???"
"സോറി ഡീ.. എനിക്കീ അടുക്കളപ്പണി ഒട്ടും പറ്റില്ല എന്ന് നിനക്കറിയില്ലേ....??"

ഹും... കല്യാണം കഴിയുന്നതിനു മുന്നേ മൂന്നു വര്‍ഷം അമേരിക്കയില്‍ തനിച്ചായിരുന്നപ്പോള്‍ വായു ഭക്ഷണമായിരുന്നിരിക്കും ... ചോദിച്ചില്ല ... ചോദിച്ചാല്‍ വഴക്കാകും .. ഇപ്പൊ അതിനു സമയം ഇല്ല..

"ഡിന്നര്‍ എന്താ എന്ന് നീ പറഞ്ഞില്ല.."  പുള്ളിക്കാരന്‍ ടി.വി യുടെ മുന്നില്‍ തന്നെയാണ്..

"എനിക്കിപ്പോ ഒരു കോള്‍ ഉണ്ട് . അത് കഴിഞ്ഞേ പറ്റൂ" ...

"ഞാന്‍ നിന്നോട് പറഞ്ഞിട്ടില്ലേ . വീട്ടില്‍ വന്നാല്‍ ഓഫീസ് പണിയെപ്പറ്റി മിണ്ടരുത് എന്ന് ..."

"അപ്പോ പ്രദീപ്‌ രാത്രി വെളുക്കും വരെ കോള്‍ എന്നും പറഞ്ഞു ഇരിക്കുന്നതോ?? "

"എന്നെപ്പോലെ ആണോ നീ ..?? "

"അതെന്താ ഞാന്‍ ചെയ്യുന്നത്ജോലി അല്ലെ?? "

മൊബൈല്‍ റിംഗ് ചെയ്യുന്നത്കേട്ടാണ് ബെഡ്റൂമിലേക്ക്‌ പോയത് ... ഓഫീസ്സില്‍  നിന്നാണോ ഈശ്വരാ !!! .. കോള്‍ തുടങ്ങാന്‍ സമയം ആയില്ലല്ലോ... ഞാന്‍ പ്രിപ്പെയര്‍ പോലും ചെയ്തിട്ടില്ല!!! ...

നാട്ടില്‍ ഉള്ളവര്‍ നോക്കുമ്പോ എന്താ?? നന്ദനയ്ക്ക് അമേരിക്കയില്‍ ജോലി,
ഓഫീസ് ഫോണ്‍, ... ഇരുപത്തിനാലു മണിക്കൂറും വിളിച്ചു ശല്യപ്പെടുത്താനുള്ള ഉപകരണം ആണിതെന്ന്അവര്‍ക്കറിയില്ലല്ലോ...

വീട്ടില്‍ നിന്നാണ് .. എന്തിനാണാവോ വീണ്ടും വിളിക്കുന്നത്‌ ... ?? കുറച്ചു മുന്നേ അമ്മയുമായി സംസാരിച്ചതാണല്ലോ .. ഉടനെ കോള്‍ ഉണ്ട് എന്ന് പറയുകയും ചെയ്തു ,.. എന്തേലും അത്യാവശ്യമാണോ??

"ഹലോ"
"മോളേ .. അച്ഛനാ .. "
"എന്താ അച്ഛാ ?? .... ഞാന്‍ ഇപ്പൊ അമ്മയോട് സംസാരിച്ചതേയുള്ളൂ."
 "ഇന്ന് മോളു വിളിച്ചപ്പോ ഞാന്‍ ഉറങ്ങിപ്പോയി ..  നിന്റെ അമ്മ പറഞ്ഞതുമില്ല.."
"ഉം.... അവിടെ എന്തുണ്ട് വിശേഷം??"
(പ്രവാസികള്‍ വീട്ടുകാരോട് എന്നും ചോദിക്കുന്ന അര്‍ഥമില്ലാത്ത ചോദ്യം .. )

"നമ്മുടെ അപ്പുറത്തെ വീട്ടിലെ ബാലുവിന്റെ കല്യാണം കഴിഞ്ഞു .. ഇന്നലെയായിരുന്നു "
"അമ്മ പറഞ്ഞു ...."

"പിന്നെ .. നമ്മുടെ പറമ്പിലുണ്ടായിരുന്ന ആ തേക്കില്ലേ?? അത്  മുറിച്ചു ... "
"അച്ഛന്‍ ഇതു പറയാനാണോ വിളിച്ചത് ... ?? വേറെ എന്തേലും വിശേഷം ഉണ്ടോ ?? "

"വേറേ... പിന്നേ ....  അച്ഛന്റെ കാലിലുണ്ടായിരുന്ന ആ മുറിവ്ചെറുതായിട്ട് ഒന്നു പഴുത്തു ... ഇപ്പൊ കുഴപ്പമില്ല.... "
"എന്റെ അച്ഛാ... ഇതൊക്കെ ഇന്നലെ പറഞ്ഞതല്ലേ..?? .. ഈ സമയത്ത് വിളിക്കരുത് എന്ന്ഞാന്‍ അമ്മയോട് പറഞ്ഞതാണല്ലോ ... എന്റെ  വിഷമം ആര്‍ക്കും മനസിലാവില്ലേ??"
"അല്ല മോളെ ... ഇന്ന് നിന്റെ ശബ്ദം കേട്ടതേയില്ല .. കാലത്ത് വിളിച്ചപ്പോഴും സംസാരിക്കാന്‍ പറ്റിയില്ല... അത് കൊണ്ടാ.."
"പിന്നേ  ഒരു ദിവസം എന്റെ  ശബ്ദം കേട്ടില്ലെങ്കില്‍ എന്താ ഉറക്കം വരില്ലേ?? അച്ഛന്‍ ഫോണ്‍ വെച്ചേ .... ഇവിടെ എന്റെ മോളുടെ കാര്യം പോലും ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നില്ല.. നാളെ സംസാരിക്കാം ... എനിക്ക് കുറച്ചു പണി ഉണ്ട് ... "

ഫോണ്‍  വെച്ചതും മോളു വന്നു ഷോളില്‍ പിടിച്ചു വലിച്ചതും ഒരുമിച്ചായിരുന്നു

"ഫോണ്‍ ചെയ്യുമ്പോ ശല്യപ്പെടുത്തരുത് എന്ന് മമ്മി പറഞ്ഞിട്ടില്ലേ?? നിനക്കെന്താ ഇപ്പൊ വേണ്ടത് ??? അച്ഛന്റെ അടുത്ത് പോയി ഇരിക്ക് .. "
 "ഇന്ന് മോളു വരച്ച ഡ്രോയിംഗ് മമ്മി കണ്ടില്ലല്ലോ..."
നാല് വയസ്സുകാരി നീട്ടിപ്പിടിച്ച പേപ്പര്‍ കഷ്ണത്തില്‍ ഒരു പെണ്‍കുട്ടിയുടെ ചിത്രമുണ്ടായിരുന്നു ..

നോക്കി നില്‍ക്കെ അവള്‍ക്കു ജീവന്‍ വയ്ക്കുന്നതായി തോന്നി ..
പട്ടു പാവാട ഉടുത്ത, മുടി രണ്ടു വശത്തും പിന്നിക്കെട്ടിയ കുസൃതി പെണ്‍കുട്ടി .

അവള്‍ക്കു  ചിത്രം വരയ്ക്കാന്‍ ഇഷ്ടമായിരുന്നു ..വീട്ടുച്ചുമരില്‍ അവള്‍ കോറിയിടുന്ന ചിത്രങ്ങളുടെ അര്‍ഥം അവള്‍ക്കു മാത്രമേ മനസ്സിലാകുമായിരുന്നുള്ളൂ.
അവളുടെ ക്ലാസ്സിലെ എല്ലാ  പെണ്‍കുട്ടികളെയും പോലെ അച്ഛനെ ആയിരുന്നു അവള്‍ക്കും ഇഷ്ടം ..
 പക്ഷെ അവള്‍ക്കു തന്നെയാ അച്ഛനോട് കൂടുതല്‍ ഇഷ്ടം !!! അതില്‍ സംശയമില്ല..
 ആ കാര്യം പറഞ്ഞു ഇന്നാളു റിനിയോടു വഴക്കിടുകയും ചെയ്തു ..

അവളുടെ ചായക്കൂട്ടുകള്‍ക്കു പിന്നില്‍ എന്നും അവളുടെ അച്ഛന്‍ ഉണ്ടായിരുന്നു ..
അമ്മ നാട്ടില്‍ വാങ്ങിക്കൊടുത്ത ക്രയോണ്‍സുകളെക്കാള്‍ , പുറംനാട്ടില്‍  ജോലി ചെയ്തിരുന്ന അച്ഛന്‍ കൊണ്ടു വന്നിരുന്ന  സ്കെച് പെന്നുകളെ  അവള്‍ സ്നേഹിച്ചു  ..
അമ്മ എപ്പോഴും പറയും ... "ഒറ്റ മോളാണെന്നു കരുതി ഇങ്ങനെ കൊഞ്ചിച്ചു വഷളാക്കരുത് .. "
ഈ അമ്മക്കെന്താ അവളോട് ഇത്ര അസൂയ ?? ...

ആഴ്ചയില്‍ ഒരിക്കല്‍ അച്ഛന്‍ ഫോണ്‍ വിളിക്കുമ്പോള്‍ അവളോട്‌ സംസാരിച്ചില്ല എങ്കില്‍ അവള്‍ കെറുവിക്കും .. ഇനി ഒരിക്കലും അച്ഛനോട് സംസാരിക്കില്ല എന്ന് ശപഥം എടുക്കും ...
ഫോണിന്റെ  അടുത്ത്തന്നെ കയ്യും കെട്ടി ഇരിക്കും ..
അവള്‍ക്കറിയാം അയാള്‍ വീണ്ടും വിളിക്കും എന്ന് ...
ആദ്യ ബെല്ലില്‍ തന്നെ അവള്‍ ഫോണ്‍ എടുക്കും ....

"സോറി .. മോളെ .....  "
 "സാരമില്ല അച്ഛാ... മോള്‍ക്ക്‌ അച്ഛനോട് പിണക്കം ഒന്നൂല്ല .... "
"അത് അച്ഛനറിയാം .. "

ബാക്കി എല്ലാവരും എതിര്‍ത്തിട്ടും, അന്യനാട്ടില്‍ പഠിക്കാന്‍ വിട്ടതും ജോലി ചെയ്യാന്‍ സമ്മതിച്ചതും   അച്ഛന്‍ തന്നെയായിരുന്നു ..
ഇഷ്ടമുള്ള ആളെ വിവാഹം ചെയ്യാന്‍ അവള്‍ക്കു അച്ഛന്റെ അനുവാദം മാത്രം മതിയായിരുന്നു . .
അവള്‍ക്കറിയാം, ഒരു ദിവസം അവളുടെ ശബ്ദം കേട്ടില്ലെങ്കില്‍ അയാള്‍ക്ക്‌ ഉറക്കം വരില്ല എന്ന്..
 ഫോണ്‍ എടുത്തു റീഡയല്‍ ചെയ്തു ..
ഒരു റിംഗ് പോലും അടിച്ചില്ല . അതിനു മുന്നേ അപ്പുറത്ത് ആരോ ഫോണ്‍ എടുത്തു ..

"സോറി അച്ഛാ... "
 "സാരമില്ല മോളെ  ... അച്ഛന് മോളോട് പിണക്കം ഒന്നുമില്ല  ....  "
"മോള്‍ക്കതറിയാം  ... . "

ചിത്രത്തിലെ പെണ്‍കുട്ടി കരയുകയായിരുന്നു ... അവളുടെ അച്ഛന്‍ അത് കേട്ടുവോ ആവോ..... !!!

Friday, October 19, 2012

തിളക്കം ...

എന്‍റെ കാന്‍വാസുകള്‍ക്കിടയില്‍ വച്ചാണ് അവള്‍ പെട്ടെന്നു ചോദിച്ചത്...

"ഇയാളു വല്യ ചിത്രകാരനല്ലേ?? എന്നാല്‍ എന്നെ ഒന്ന് വരച്ചാട്ടെ . കാണട്ടെ മിടുക്ക്.."

"ഇപ്പോഴോ??"

"അതെ.. എന്താ പറ്റില്ലേ??"

"പിന്നെന്താ  ... "

"ഞാന്‍ എങ്ങനെ ഇരിക്കണം??"

"നീ  എങ്ങനെയെങ്കിലും ഇരിക്ക് .. പക്ഷെ അടങ്ങി ഇരിക്കണം..."

"അത് ബുദ്ധിമുട്ടാ.... "

******************************************************************

അര മണിക്കൂര്‍ കൊണ്ട് രചന കഴിഞ്ഞു ...
ആ അര മണിക്കൂര്‍ അവളെ അടക്കി ഇരുത്താന്‍ ഞാന്‍ പെട്ട പാട്!!!
അവള്‍ അങ്ങനെ തന്നെ ആയിരുന്നു ... എല്ലായ്പ്പോഴും ....

"ഇതാ നോക്കിക്കോ... കല്യാണത്തിനു മുന്നേ നിന്‍റെ ഒരു പടം പോലും ഞാന്‍ വരച്ചു തന്നില്ല എന്നുള്ള വിഷമം ഇനി വേണ്ട .... "

"അയ്യേ .. ഇതെന്താ?? എന്‍റെ കൈ മാത്രമേ വരച്ചുള്ളൂ?? മുഖം എവിടെ??"
 അവളെ ഞാന്‍ അടുത്തേയ്ക്ക് പിടിച്ചു നിര്‍ത്തി .. വെളുത്ത കൈ വിരലുകളില്‍ ബ്രഷ് കൊണ്ട് ചായമിടുമ്പോള്‍ ഞാന്‍ അവളോട്‌ രഹസ്യംപറഞ്ഞു ....  "ഞാന്‍ പറഞ്ഞിട്ടില്ലേ?? എനിക്കേറ്റവും ഇഷ്ടം ആ കൈവിരലുകളോടാണെന്ന്???"

ആ കണ്ണുകള്‍ തിളങ്ങുന്നത് ഞാന്‍ കണ്ടു ....അവള്‍  ഉറക്കെ ചിരിച്ചു ...

"അപ്പോ നിനക്ക് വര മാത്രമല്ല .. കുറച്ചു സാഹിത്യവും ഉണ്ട് ... കല്യാണം കഴിഞ്ഞാല്‍ ഞാന്‍ പാട് പെടുമല്ലോ .... "

"പിന്നേ....!!!!"

"ടാ !!!!  ... കൊറേ നേരമായി.. അവളെ ഇങ്ങു വിട് ... ഇനി രണ്ടു മാസം കൂടിയല്ലേ ഉള്ളൂ... "
 ശോ ... താഴെ നിന്ന് അച്ഛനാണ് .... !!!

"എടാ . ഇന്ന് എനിക്ക് നിന്നോട് ഭയങ്കര ഇഷ്ടം തോന്നുന്നു ... കല്യാണത്തിന് വെയിറ്റ് ചെയ്യാതെ ഇന്നു തന്നെ ഞാന്‍ ഇങ്ങോട്ടു മാറിയാലോ എന്നാലോചിക്കുകയാ.. "

"പോടി അവിടന്ന് .. ഒന്ന് പൊക്കി പറഞ്ഞപ്പം പെണ്ണിന്‍റെ സ്നേഹം കണ്ടില്ലേ??"

അവള്‍ താഴേയ്ക്ക് ഓടി ... ഞാന്‍ പുറകെയും...

"എന്തിനാടാ .. അവളെ ഇട്ടു ഓടിക്കുന്നത്?? "

"ഏയ്‌ .. ഒന്നൂല്ല .. ചുമ്മാ ... "

"ചുമ്മാ!!!!..... എടാ ... ഈ സമയത്തെ നിങ്ങടെ കളിയുടെയും ചിരിയുടെയും അര്‍ഥം ഒക്കെ ഞങ്ങള്‍ക്കു നല്ല പോലെ മനസിലാവുമെടാ .. ഒന്നുമില്ലെങ്കിലും കുറെ ഓണം കൂടുതല്‍ ഉണ്ടതല്ലേ .... " 

എല്ലാവരും ചിരിച്ചു ...
******************************************************************

"എടാ... സൂക്ഷിച്ച് ... !!!!! എന്ത് ഓര്‍ത്തു കൊണ്ടാ നീ വണ്ടി ഓടിക്കണേ??"
അച്ഛന്‍ പുറത്തു തട്ടി വിളിച്ചപ്പോഴാണ് ശെരിക്കും ബോധം വന്നത് ....

ഹോസ്പിറ്റല്‍എത്താറായിരിക്കുന്നു..

വണ്ടി  പാര്‍ക്ക് ചെയ്തു ഞങ്ങള്‍ ലിഫ്റ്റില്‍ കയറി നിന്നു ..

നാലാം നിലയിലാണ് ഓപ്പറേഷന്‍ വാര്‍ഡ്‌ എന്ന് അവളുടെ അച്ഛന്‍ ഫോണ്‍ ചെയ്തപ്പോള്‍ പറഞ്ഞിരുന്നു ....

മറ്റു ബന്ധുക്കള്‍ ആരും തന്നെ വിവരം അറിഞ്ഞിരുന്നില്ല..

"കഴിഞ്ഞോ ??? ....കാണാന്‍ പറ്റിയോ??? "  അച്ഛന്‍ അങ്കിളിനോട് ചോദിച്ചു ...
"കഴിഞ്ഞു  ..... കുറച്ചു കഴിഞ്ഞേ കാണാന്‍ സമ്മതിക്കൂ.. "
"എന്താ പറ്റിയത് ...??"
"ഫ്രണ്ട്സിനെ കല്യാണം വിളിക്കാന്‍ ഇറങ്ങിയതാ .. ഞാന്‍ പറഞ്ഞതാ വണ്ടി എടുക്കണ്ടാ എന്ന്.. കേട്ടില്ല .. !!"

******************************************************************

ആദ്യം കയറി കണ്ടത്അവളുടെ അച്ഛനും അമ്മയും ആണ് ...
കരഞ്ഞു കൊണ്ടാണ് അവര്‍ ഇറങ്ങി വന്നത് ...

അത് കണ്ടിട്ടാണെന്ന് തോന്നുന്നു ... എന്റെ അമ്മയും കരയാന്‍ തുടങ്ങി ..
ഞാന്‍ അച്ഛനെ നോക്കി ... അച്ഛന്‍ കരയുന്നില്ല എന്നേയുള്ളൂ .ശെരിക്കും തളര്‍ന്നു നില്‍ക്കയാണ്‌ ...

"നീ കയറി കാണുന്നില്ലേ?? "

ഞാന്‍ കയറുമ്പോള്‍   റൂമില്‍  ഒരു നെഴ്സ്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ ...
"കരഞ്ഞും ബഹളം വെച്ചും ആ കുട്ടിയെ സങ്കടപ്പെടുത്തരുത്!! "
"ഇല്ല..."
അവര്‍ പുറത്തേക്കു പോയി...

അവള്‍ ഉണര്‍ന്നു തന്നെ കിടക്കുന്നുണ്ടായിരുന്നു ..

"വേദന ഉണ്ടോ?? "
"കുറച്ചു .. "
"സാരമില്ല... സര്‍ജറി കഴിഞ്ഞതിന്‍റെയാ.....മാറും ..."

"എടാ.. ഭയങ്കര ദാഹം... നീ ആ നേഴ്സിനെ ഒന്ന് വിളിക്ക് ... "
"അതെന്തിനാ?? .... ഞാന്‍ എടുത്തു തന്നാല്‍ പോരേ??? "


മേശപ്പുറത്തെ ഫ്ലാസ്കില്‍ വെള്ളം വെച്ചിട്ടുണ്ടായിരുന്നു ..
"മതിയോ??.."
"മതി.."


"എന്നെ ഒന്ന്എണീപ്പിച്ചിരുത്താമോ?? ... "
"വേണ്ട .. കിടന്നാ മതി ... "
"എടാ .. പ്ലീസ്.. കുറച്ചു നേരത്തേക്ക് ....."

"എണീറ്റിരുന്നപ്പോള്‍ കുറച്ചു കൂടി ആശ്വാസം തോന്നുന്നുണ്ട് .... മറ്റേതു , ആകെ ഒരു മരവിപ്പാ.... "

ഞാന്‍ ഒന്നും പറഞ്ഞില്ല...

ചിരിച്ച മുഖത്തോടെയാണ് അവള്‍ ചോദിച്ചത് ... " നിനക്ക് കരയാന്‍ തോന്നുന്നില്ലേ?? "

"ഇല്ല..."
"അതെന്താ??? "

"അറിയില്ല.. ".... ശെരിക്കും, എനിക്കറിയില്ലായിരുന്നു ..

"എടീ..."
"എന്താ??"

"അടുത്ത മാസം നമ്മുടെ കല്യാണമാ..  "

"അതെങ്ങനെ ശെരി ആവും ..."

"അതെന്താ?? ശെരിയാവാത്തെ?? "

അവള്‍ ചെറുതായിട്ടൊന്നു ചിരിച്ചു .... "നിനക്കിഷ്ടം ... എന്നെയല്ലല്ലോ?? എന്‍റെ കൈവിരലുകളെ അല്ലെ?? ....... ആ കൈ അല്ലേ ഇന്ന് ഡോക്ടര്‍മാര്‍ മുറിച്ചെടുത്തത് ....?? !!!! "

പാതി മാത്രം ബാക്കി ഉണ്ടായിരുന്ന ആ കൈയില്‍ തലോടുമ്പോള്‍ ഞാന്‍ അവളുടെ അടുത്തേയ്ക്ക് കുറച്ചു കൂടി നീങ്ങി ഇരുന്നു ....

എപ്പോഴത്തെതും പോലെ തന്നെ ഞാന്‍ പറയുന്നതെന്തും കേള്‍ക്കാന്‍ അവള്‍ കാതോര്‍ത്തിരുന്നു ..

"അത് ... ഞാന്‍ കള്ളം പറഞ്ഞതാ .... ശെരിക്കും ഞാന്‍ സ്നേഹിച്ചത് ..... ഞാന്‍ അങ്ങനെ പറയുമ്പോഴുള്ള നിന്‍റെ കണ്ണുകളിലെ തിളക്കത്തെയായിരുന്നു "....

  കണ്ണീരിനിടയില്‍.....  ആ കണ്ണുകളിലെ തിളക്കത്തിനു കൂടുതല്‍ ഭംഗിയുള്ളതായി എനിക്കു തോന്നി ...

അവള്‍ ഉറക്കെ ചിരിച്ചു ..... ഞാനും ....

പുറത്തു കാത്തു നിന്ന, കൂടുതല്‍ ഓണം ഉണ്ട, ആര്‍ക്കും തന്നെ ഞങ്ങളുടെ ചിരിയുടെ അര്‍ഥം മനസിലായിട്ടുണ്ടായിരുന്നില്ല !!!! ...

Thursday, September 27, 2012

മരണം

അയാള്‍ കിടപ്പിലായിട്ട് ഇന്നേയ്ക്ക് ആറു മാസം തികഞ്ഞിരിക്കുന്നു.
ഇന്ന് രാത്രി അയാള്‍ക്ക്‌ കൂട്ടിരിക്കാന്‍ ഞാന്‍ മാത്രമേ ഉണ്ടാവുകയുള്ളൂ..



ചുക്കിച്ചുളിഞ്ഞ ആ കണ്ണുകളിലേക്ക് നോക്കിയിരിക്കുമ്പോള്‍ അവ ഇനി തുറക്കുമോ എന്നെനിക്ക് ഉറപ്പില്ലായിരുന്നു ....
എങ്കിലും ഞാന്‍ ഉറക്കമിളച്ചിരുന്നു... എപ്പോഴാണയാള്‍ ഉണരുക  എന്നറിയില്ലലോ...

എരിഞ്ഞു തീരാറായ ട്യൂബിന്റെ വെളിച്ചത്തില്‍, ഞരങ്ങിക്കരങ്ങുന്ന പഴയ ഫാനിന്റെ ശബ്ദത്തില്‍ അയാള്‍ എന്നെ അറിയുന്നുണ്ടാവും എന്ന് ഞാന്‍ ഉറച്ചു വിശ്വസിച്ചു.

ദിവസങ്ങള്‍ നീണ്ട ഉറക്കത്തിനിടയ്ക്കും അയാള്‍ സ്വപ്നങ്ങള്‍ കാണുന്നുണ്ടായിരുന്നിരിക്കണം .. കണ്‍പോളകള്‍ക്കുള്ളില്‍ ആ കൃഷ്ണമണികള്‍ വിശ്രമിച്ചതേയില്ല ...

മരണക്കിടക്കയിലും അയാള്‍ സ്വപ്‌നങ്ങള്‍ കാണുന്നുണ്ടായിരുന്നു എന്നത് അത്ഭുതം തന്നെ ... എന്തായിരിക്കാം .?? സുഖമരണം ?? അതോ ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം ആയുസ്സ് നീട്ടിക്കിട്ടാന്‍ അയാള്‍ ആഗ്രഹിക്കുന്നുണ്ടാകുമോ??

കഴിഞ്ഞ മൂന്നു നാളായി  അയാള്‍ക്ക്‌ കൂട്ടിരിക്കുകയായിരുന്നു എന്നു ഞാന്‍ ഓര്‍ത്തു ..
അതല്ലാതെ മറ്റൊന്നും തന്നെ ചെയ്തതായി ഞാന്‍ ഓര്‍ക്കുന്നില്ല.. വരുന്നവരും പോകുന്നവരും ഒന്നും തന്നെ എന്നെ ശ്രദ്ധിച്ചതുമില്ല... ഞാന്‍ തിരിച്ചും ..

എപ്പോഴാണ് ഞാന്‍ ഉറങ്ങിപ്പോയത് എന്ന് ഓര്‍മയില്ല .. കണ്ണ് തുറക്കുമ്പോള്‍ അയാള്‍ ഉണര്‍ന്നിരുന്നു ... പാതി മൂടിയ കണ്ണുകളില്‍ കൂടി അയാള്‍ എന്നെ കാണുന്നുണ്ട് എന്നെനിക്കുറപ്പായിരുന്നു..

എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നുണ്ട് .. ചലന ശേഷി നഷ്ടപെട്ട
ആ  ചുണ്ടില്‍ എന്നോട് പറയാന്‍ എന്തൊക്കെയോ ബാക്കി ഉണ്ട് എന്ന് മനസിലായെങ്കിലും ഞാന്‍ നിസ്സഹായനായിരുന്നു ...

പറയുന്നതൊന്നും തന്നെ കൂട്ടിരുപ്പുകാരന് മനസിലാവുന്നില്ല എന്ന്  തോന്നിയിട്ടുണ്ടാകും .
അതിന്റെ കെറുവ് ആ മുഖത്ത് ഞാന്‍ വ്യക്തമായി കണ്ടു.

കൈ മെല്ലെ ഉയര്‍ത്തി പിന്‍വശത്തെ ഭിത്തിയില്‍ ചൂണ്ടി ...
അവിടെ  ഒരു കുഞ്ഞു പൂമ്പാറ്റയെ മാത്രമേ എനിക്കു കാണാന്‍ കഴിഞ്ഞുള്ളു..

ഞാന്‍ കരഞ്ഞു .. ഉറക്കെ ... അതു മാത്രമേ എന്നെക്കൊണ്ട്അപ്പോള്‍ ചെയ്യാന്‍  സാധിക്കുമായിരുന്നുള്ളൂ....

അയാളല്ലാതെ ആ വീട്ടിലുള്ള ആരും തന്നെ അത് കേള്‍ക്കുന്നുണ്ടായിരുന്നില്ല എന്ന് എനിക്ക് അറിയാമായിരുന്നു ....
 
ബലഹീനമായ ആ കൈ കൊണ്ട് എന്റെ കണ്ണീര്‍ ഒപ്പിയെടുക്കുമ്പോള്‍ അയാള്‍ പതുക്കെ ചിരിച്ചു .. പിന്നീടൊരിക്കലും മുഖത്ത് നിന്നും മായാത്ത ഒരു ചിരി ....

***************************************************************************
പിറ്റേന്ന് ശവദാഹത്തിനു ഞാന്‍ കാത്തില്ല ..
 വിട്ടു പോരുമ്പോള്‍ എനിക്കൊട്ടും ദുഃഖവും തോന്നിയില്ല....

അല്ലെങ്കിലും, മരിച്ചത് ഞാന്‍ തന്നെ ആയിരുന്നല്ലോ...

ദേഹമില്ലാത്ത ആത്മാവിനു ഭൂമിയില്‍ എന്ത് സ്ഥാനം?? ..