Saturday, December 15, 2012

മകള്‍ ...

ജോലി കഴിഞ്ഞു വീട്ടില്‍ വന്നു കയറിയതെ ഉണ്ടായിരുന്നുള്ളൂ...
ഡോറിനടുത്തു ഐഡി കാര്‍ഡ്‌ തൂക്കിയിടുമ്പോള്‍ അതിലെ ഫോട്ടോ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു ...
"NANDANA SADASIVAN, SENIOR ANIMATOR, BETTER SOLUTIONS Pvt.Ltd."
 അഭിമാനം തോന്നി .... ഒരു പെണ്ണിന് പറ്റുന്ന പണി "Teaching"  മാത്രമാണെന്ന് പറഞ്ഞ എല്ലാവരോടും ഉള്ള മറുപടി ആണ് ഈ ഐഡി കാര്‍ഡ്..
"നന്ദൂ ..... ഇന്ന് ഡിന്നര്‍ എന്താ?? എനിക്ക് ഇപ്പോഴേ വിശക്കുന്നു ....."
ഭര്‍ത്താവാണ്.. പുള്ളിക്കാരന്‍ ഇന്നും ഓഫീസ്സില്‍ പോയിട്ടില്ല.. "ഓ..  ഈ ഐ.റ്റി കാര്‍ക്ക് "Work From Home" എന്നൊരു ഓപ്ഷന്‍ ഉണ്ടല്ലോ ...."
അടുക്കളയില്‍ ചെന്നു നോക്കി ...  "പ്രദീപ്‌!!!  .... ഉച്ചയ്ക്ക് കഴിച്ച പ്ലേറ്റ് എങ്കിലും ഒന്ന് കഴുകി വെച്ചൂടെ നിനക്ക്???"
"സോറി ഡീ.. എനിക്കീ അടുക്കളപ്പണി ഒട്ടും പറ്റില്ല എന്ന് നിനക്കറിയില്ലേ....??"

ഹും... കല്യാണം കഴിയുന്നതിനു മുന്നേ മൂന്നു വര്‍ഷം അമേരിക്കയില്‍ തനിച്ചായിരുന്നപ്പോള്‍ വായു ഭക്ഷണമായിരുന്നിരിക്കും ... ചോദിച്ചില്ല ... ചോദിച്ചാല്‍ വഴക്കാകും .. ഇപ്പൊ അതിനു സമയം ഇല്ല..

"ഡിന്നര്‍ എന്താ എന്ന് നീ പറഞ്ഞില്ല.."  പുള്ളിക്കാരന്‍ ടി.വി യുടെ മുന്നില്‍ തന്നെയാണ്..

"എനിക്കിപ്പോ ഒരു കോള്‍ ഉണ്ട് . അത് കഴിഞ്ഞേ പറ്റൂ" ...

"ഞാന്‍ നിന്നോട് പറഞ്ഞിട്ടില്ലേ . വീട്ടില്‍ വന്നാല്‍ ഓഫീസ് പണിയെപ്പറ്റി മിണ്ടരുത് എന്ന് ..."

"അപ്പോ പ്രദീപ്‌ രാത്രി വെളുക്കും വരെ കോള്‍ എന്നും പറഞ്ഞു ഇരിക്കുന്നതോ?? "

"എന്നെപ്പോലെ ആണോ നീ ..?? "

"അതെന്താ ഞാന്‍ ചെയ്യുന്നത്ജോലി അല്ലെ?? "

മൊബൈല്‍ റിംഗ് ചെയ്യുന്നത്കേട്ടാണ് ബെഡ്റൂമിലേക്ക്‌ പോയത് ... ഓഫീസ്സില്‍  നിന്നാണോ ഈശ്വരാ !!! .. കോള്‍ തുടങ്ങാന്‍ സമയം ആയില്ലല്ലോ... ഞാന്‍ പ്രിപ്പെയര്‍ പോലും ചെയ്തിട്ടില്ല!!! ...

നാട്ടില്‍ ഉള്ളവര്‍ നോക്കുമ്പോ എന്താ?? നന്ദനയ്ക്ക് അമേരിക്കയില്‍ ജോലി,
ഓഫീസ് ഫോണ്‍, ... ഇരുപത്തിനാലു മണിക്കൂറും വിളിച്ചു ശല്യപ്പെടുത്താനുള്ള ഉപകരണം ആണിതെന്ന്അവര്‍ക്കറിയില്ലല്ലോ...

വീട്ടില്‍ നിന്നാണ് .. എന്തിനാണാവോ വീണ്ടും വിളിക്കുന്നത്‌ ... ?? കുറച്ചു മുന്നേ അമ്മയുമായി സംസാരിച്ചതാണല്ലോ .. ഉടനെ കോള്‍ ഉണ്ട് എന്ന് പറയുകയും ചെയ്തു ,.. എന്തേലും അത്യാവശ്യമാണോ??

"ഹലോ"
"മോളേ .. അച്ഛനാ .. "
"എന്താ അച്ഛാ ?? .... ഞാന്‍ ഇപ്പൊ അമ്മയോട് സംസാരിച്ചതേയുള്ളൂ."
 "ഇന്ന് മോളു വിളിച്ചപ്പോ ഞാന്‍ ഉറങ്ങിപ്പോയി ..  നിന്റെ അമ്മ പറഞ്ഞതുമില്ല.."
"ഉം.... അവിടെ എന്തുണ്ട് വിശേഷം??"
(പ്രവാസികള്‍ വീട്ടുകാരോട് എന്നും ചോദിക്കുന്ന അര്‍ഥമില്ലാത്ത ചോദ്യം .. )

"നമ്മുടെ അപ്പുറത്തെ വീട്ടിലെ ബാലുവിന്റെ കല്യാണം കഴിഞ്ഞു .. ഇന്നലെയായിരുന്നു "
"അമ്മ പറഞ്ഞു ...."

"പിന്നെ .. നമ്മുടെ പറമ്പിലുണ്ടായിരുന്ന ആ തേക്കില്ലേ?? അത്  മുറിച്ചു ... "
"അച്ഛന്‍ ഇതു പറയാനാണോ വിളിച്ചത് ... ?? വേറെ എന്തേലും വിശേഷം ഉണ്ടോ ?? "

"വേറേ... പിന്നേ ....  അച്ഛന്റെ കാലിലുണ്ടായിരുന്ന ആ മുറിവ്ചെറുതായിട്ട് ഒന്നു പഴുത്തു ... ഇപ്പൊ കുഴപ്പമില്ല.... "
"എന്റെ അച്ഛാ... ഇതൊക്കെ ഇന്നലെ പറഞ്ഞതല്ലേ..?? .. ഈ സമയത്ത് വിളിക്കരുത് എന്ന്ഞാന്‍ അമ്മയോട് പറഞ്ഞതാണല്ലോ ... എന്റെ  വിഷമം ആര്‍ക്കും മനസിലാവില്ലേ??"
"അല്ല മോളെ ... ഇന്ന് നിന്റെ ശബ്ദം കേട്ടതേയില്ല .. കാലത്ത് വിളിച്ചപ്പോഴും സംസാരിക്കാന്‍ പറ്റിയില്ല... അത് കൊണ്ടാ.."
"പിന്നേ  ഒരു ദിവസം എന്റെ  ശബ്ദം കേട്ടില്ലെങ്കില്‍ എന്താ ഉറക്കം വരില്ലേ?? അച്ഛന്‍ ഫോണ്‍ വെച്ചേ .... ഇവിടെ എന്റെ മോളുടെ കാര്യം പോലും ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നില്ല.. നാളെ സംസാരിക്കാം ... എനിക്ക് കുറച്ചു പണി ഉണ്ട് ... "

ഫോണ്‍  വെച്ചതും മോളു വന്നു ഷോളില്‍ പിടിച്ചു വലിച്ചതും ഒരുമിച്ചായിരുന്നു

"ഫോണ്‍ ചെയ്യുമ്പോ ശല്യപ്പെടുത്തരുത് എന്ന് മമ്മി പറഞ്ഞിട്ടില്ലേ?? നിനക്കെന്താ ഇപ്പൊ വേണ്ടത് ??? അച്ഛന്റെ അടുത്ത് പോയി ഇരിക്ക് .. "
 "ഇന്ന് മോളു വരച്ച ഡ്രോയിംഗ് മമ്മി കണ്ടില്ലല്ലോ..."
നാല് വയസ്സുകാരി നീട്ടിപ്പിടിച്ച പേപ്പര്‍ കഷ്ണത്തില്‍ ഒരു പെണ്‍കുട്ടിയുടെ ചിത്രമുണ്ടായിരുന്നു ..

നോക്കി നില്‍ക്കെ അവള്‍ക്കു ജീവന്‍ വയ്ക്കുന്നതായി തോന്നി ..
പട്ടു പാവാട ഉടുത്ത, മുടി രണ്ടു വശത്തും പിന്നിക്കെട്ടിയ കുസൃതി പെണ്‍കുട്ടി .

അവള്‍ക്കു  ചിത്രം വരയ്ക്കാന്‍ ഇഷ്ടമായിരുന്നു ..വീട്ടുച്ചുമരില്‍ അവള്‍ കോറിയിടുന്ന ചിത്രങ്ങളുടെ അര്‍ഥം അവള്‍ക്കു മാത്രമേ മനസ്സിലാകുമായിരുന്നുള്ളൂ.
അവളുടെ ക്ലാസ്സിലെ എല്ലാ  പെണ്‍കുട്ടികളെയും പോലെ അച്ഛനെ ആയിരുന്നു അവള്‍ക്കും ഇഷ്ടം ..
 പക്ഷെ അവള്‍ക്കു തന്നെയാ അച്ഛനോട് കൂടുതല്‍ ഇഷ്ടം !!! അതില്‍ സംശയമില്ല..
 ആ കാര്യം പറഞ്ഞു ഇന്നാളു റിനിയോടു വഴക്കിടുകയും ചെയ്തു ..

അവളുടെ ചായക്കൂട്ടുകള്‍ക്കു പിന്നില്‍ എന്നും അവളുടെ അച്ഛന്‍ ഉണ്ടായിരുന്നു ..
അമ്മ നാട്ടില്‍ വാങ്ങിക്കൊടുത്ത ക്രയോണ്‍സുകളെക്കാള്‍ , പുറംനാട്ടില്‍  ജോലി ചെയ്തിരുന്ന അച്ഛന്‍ കൊണ്ടു വന്നിരുന്ന  സ്കെച് പെന്നുകളെ  അവള്‍ സ്നേഹിച്ചു  ..
അമ്മ എപ്പോഴും പറയും ... "ഒറ്റ മോളാണെന്നു കരുതി ഇങ്ങനെ കൊഞ്ചിച്ചു വഷളാക്കരുത് .. "
ഈ അമ്മക്കെന്താ അവളോട് ഇത്ര അസൂയ ?? ...

ആഴ്ചയില്‍ ഒരിക്കല്‍ അച്ഛന്‍ ഫോണ്‍ വിളിക്കുമ്പോള്‍ അവളോട്‌ സംസാരിച്ചില്ല എങ്കില്‍ അവള്‍ കെറുവിക്കും .. ഇനി ഒരിക്കലും അച്ഛനോട് സംസാരിക്കില്ല എന്ന് ശപഥം എടുക്കും ...
ഫോണിന്റെ  അടുത്ത്തന്നെ കയ്യും കെട്ടി ഇരിക്കും ..
അവള്‍ക്കറിയാം അയാള്‍ വീണ്ടും വിളിക്കും എന്ന് ...
ആദ്യ ബെല്ലില്‍ തന്നെ അവള്‍ ഫോണ്‍ എടുക്കും ....

"സോറി .. മോളെ .....  "
 "സാരമില്ല അച്ഛാ... മോള്‍ക്ക്‌ അച്ഛനോട് പിണക്കം ഒന്നൂല്ല .... "
"അത് അച്ഛനറിയാം .. "

ബാക്കി എല്ലാവരും എതിര്‍ത്തിട്ടും, അന്യനാട്ടില്‍ പഠിക്കാന്‍ വിട്ടതും ജോലി ചെയ്യാന്‍ സമ്മതിച്ചതും   അച്ഛന്‍ തന്നെയായിരുന്നു ..
ഇഷ്ടമുള്ള ആളെ വിവാഹം ചെയ്യാന്‍ അവള്‍ക്കു അച്ഛന്റെ അനുവാദം മാത്രം മതിയായിരുന്നു . .
അവള്‍ക്കറിയാം, ഒരു ദിവസം അവളുടെ ശബ്ദം കേട്ടില്ലെങ്കില്‍ അയാള്‍ക്ക്‌ ഉറക്കം വരില്ല എന്ന്..
 ഫോണ്‍ എടുത്തു റീഡയല്‍ ചെയ്തു ..
ഒരു റിംഗ് പോലും അടിച്ചില്ല . അതിനു മുന്നേ അപ്പുറത്ത് ആരോ ഫോണ്‍ എടുത്തു ..

"സോറി അച്ഛാ... "
 "സാരമില്ല മോളെ  ... അച്ഛന് മോളോട് പിണക്കം ഒന്നുമില്ല  ....  "
"മോള്‍ക്കതറിയാം  ... . "

ചിത്രത്തിലെ പെണ്‍കുട്ടി കരയുകയായിരുന്നു ... അവളുടെ അച്ഛന്‍ അത് കേട്ടുവോ ആവോ..... !!!

No comments:

Post a Comment