Friday, October 19, 2012

തിളക്കം ...

എന്‍റെ കാന്‍വാസുകള്‍ക്കിടയില്‍ വച്ചാണ് അവള്‍ പെട്ടെന്നു ചോദിച്ചത്...

"ഇയാളു വല്യ ചിത്രകാരനല്ലേ?? എന്നാല്‍ എന്നെ ഒന്ന് വരച്ചാട്ടെ . കാണട്ടെ മിടുക്ക്.."

"ഇപ്പോഴോ??"

"അതെ.. എന്താ പറ്റില്ലേ??"

"പിന്നെന്താ  ... "

"ഞാന്‍ എങ്ങനെ ഇരിക്കണം??"

"നീ  എങ്ങനെയെങ്കിലും ഇരിക്ക് .. പക്ഷെ അടങ്ങി ഇരിക്കണം..."

"അത് ബുദ്ധിമുട്ടാ.... "

******************************************************************

അര മണിക്കൂര്‍ കൊണ്ട് രചന കഴിഞ്ഞു ...
ആ അര മണിക്കൂര്‍ അവളെ അടക്കി ഇരുത്താന്‍ ഞാന്‍ പെട്ട പാട്!!!
അവള്‍ അങ്ങനെ തന്നെ ആയിരുന്നു ... എല്ലായ്പ്പോഴും ....

"ഇതാ നോക്കിക്കോ... കല്യാണത്തിനു മുന്നേ നിന്‍റെ ഒരു പടം പോലും ഞാന്‍ വരച്ചു തന്നില്ല എന്നുള്ള വിഷമം ഇനി വേണ്ട .... "

"അയ്യേ .. ഇതെന്താ?? എന്‍റെ കൈ മാത്രമേ വരച്ചുള്ളൂ?? മുഖം എവിടെ??"
 അവളെ ഞാന്‍ അടുത്തേയ്ക്ക് പിടിച്ചു നിര്‍ത്തി .. വെളുത്ത കൈ വിരലുകളില്‍ ബ്രഷ് കൊണ്ട് ചായമിടുമ്പോള്‍ ഞാന്‍ അവളോട്‌ രഹസ്യംപറഞ്ഞു ....  "ഞാന്‍ പറഞ്ഞിട്ടില്ലേ?? എനിക്കേറ്റവും ഇഷ്ടം ആ കൈവിരലുകളോടാണെന്ന്???"

ആ കണ്ണുകള്‍ തിളങ്ങുന്നത് ഞാന്‍ കണ്ടു ....അവള്‍  ഉറക്കെ ചിരിച്ചു ...

"അപ്പോ നിനക്ക് വര മാത്രമല്ല .. കുറച്ചു സാഹിത്യവും ഉണ്ട് ... കല്യാണം കഴിഞ്ഞാല്‍ ഞാന്‍ പാട് പെടുമല്ലോ .... "

"പിന്നേ....!!!!"

"ടാ !!!!  ... കൊറേ നേരമായി.. അവളെ ഇങ്ങു വിട് ... ഇനി രണ്ടു മാസം കൂടിയല്ലേ ഉള്ളൂ... "
 ശോ ... താഴെ നിന്ന് അച്ഛനാണ് .... !!!

"എടാ . ഇന്ന് എനിക്ക് നിന്നോട് ഭയങ്കര ഇഷ്ടം തോന്നുന്നു ... കല്യാണത്തിന് വെയിറ്റ് ചെയ്യാതെ ഇന്നു തന്നെ ഞാന്‍ ഇങ്ങോട്ടു മാറിയാലോ എന്നാലോചിക്കുകയാ.. "

"പോടി അവിടന്ന് .. ഒന്ന് പൊക്കി പറഞ്ഞപ്പം പെണ്ണിന്‍റെ സ്നേഹം കണ്ടില്ലേ??"

അവള്‍ താഴേയ്ക്ക് ഓടി ... ഞാന്‍ പുറകെയും...

"എന്തിനാടാ .. അവളെ ഇട്ടു ഓടിക്കുന്നത്?? "

"ഏയ്‌ .. ഒന്നൂല്ല .. ചുമ്മാ ... "

"ചുമ്മാ!!!!..... എടാ ... ഈ സമയത്തെ നിങ്ങടെ കളിയുടെയും ചിരിയുടെയും അര്‍ഥം ഒക്കെ ഞങ്ങള്‍ക്കു നല്ല പോലെ മനസിലാവുമെടാ .. ഒന്നുമില്ലെങ്കിലും കുറെ ഓണം കൂടുതല്‍ ഉണ്ടതല്ലേ .... " 

എല്ലാവരും ചിരിച്ചു ...
******************************************************************

"എടാ... സൂക്ഷിച്ച് ... !!!!! എന്ത് ഓര്‍ത്തു കൊണ്ടാ നീ വണ്ടി ഓടിക്കണേ??"
അച്ഛന്‍ പുറത്തു തട്ടി വിളിച്ചപ്പോഴാണ് ശെരിക്കും ബോധം വന്നത് ....

ഹോസ്പിറ്റല്‍എത്താറായിരിക്കുന്നു..

വണ്ടി  പാര്‍ക്ക് ചെയ്തു ഞങ്ങള്‍ ലിഫ്റ്റില്‍ കയറി നിന്നു ..

നാലാം നിലയിലാണ് ഓപ്പറേഷന്‍ വാര്‍ഡ്‌ എന്ന് അവളുടെ അച്ഛന്‍ ഫോണ്‍ ചെയ്തപ്പോള്‍ പറഞ്ഞിരുന്നു ....

മറ്റു ബന്ധുക്കള്‍ ആരും തന്നെ വിവരം അറിഞ്ഞിരുന്നില്ല..

"കഴിഞ്ഞോ ??? ....കാണാന്‍ പറ്റിയോ??? "  അച്ഛന്‍ അങ്കിളിനോട് ചോദിച്ചു ...
"കഴിഞ്ഞു  ..... കുറച്ചു കഴിഞ്ഞേ കാണാന്‍ സമ്മതിക്കൂ.. "
"എന്താ പറ്റിയത് ...??"
"ഫ്രണ്ട്സിനെ കല്യാണം വിളിക്കാന്‍ ഇറങ്ങിയതാ .. ഞാന്‍ പറഞ്ഞതാ വണ്ടി എടുക്കണ്ടാ എന്ന്.. കേട്ടില്ല .. !!"

******************************************************************

ആദ്യം കയറി കണ്ടത്അവളുടെ അച്ഛനും അമ്മയും ആണ് ...
കരഞ്ഞു കൊണ്ടാണ് അവര്‍ ഇറങ്ങി വന്നത് ...

അത് കണ്ടിട്ടാണെന്ന് തോന്നുന്നു ... എന്റെ അമ്മയും കരയാന്‍ തുടങ്ങി ..
ഞാന്‍ അച്ഛനെ നോക്കി ... അച്ഛന്‍ കരയുന്നില്ല എന്നേയുള്ളൂ .ശെരിക്കും തളര്‍ന്നു നില്‍ക്കയാണ്‌ ...

"നീ കയറി കാണുന്നില്ലേ?? "

ഞാന്‍ കയറുമ്പോള്‍   റൂമില്‍  ഒരു നെഴ്സ്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ ...
"കരഞ്ഞും ബഹളം വെച്ചും ആ കുട്ടിയെ സങ്കടപ്പെടുത്തരുത്!! "
"ഇല്ല..."
അവര്‍ പുറത്തേക്കു പോയി...

അവള്‍ ഉണര്‍ന്നു തന്നെ കിടക്കുന്നുണ്ടായിരുന്നു ..

"വേദന ഉണ്ടോ?? "
"കുറച്ചു .. "
"സാരമില്ല... സര്‍ജറി കഴിഞ്ഞതിന്‍റെയാ.....മാറും ..."

"എടാ.. ഭയങ്കര ദാഹം... നീ ആ നേഴ്സിനെ ഒന്ന് വിളിക്ക് ... "
"അതെന്തിനാ?? .... ഞാന്‍ എടുത്തു തന്നാല്‍ പോരേ??? "


മേശപ്പുറത്തെ ഫ്ലാസ്കില്‍ വെള്ളം വെച്ചിട്ടുണ്ടായിരുന്നു ..
"മതിയോ??.."
"മതി.."


"എന്നെ ഒന്ന്എണീപ്പിച്ചിരുത്താമോ?? ... "
"വേണ്ട .. കിടന്നാ മതി ... "
"എടാ .. പ്ലീസ്.. കുറച്ചു നേരത്തേക്ക് ....."

"എണീറ്റിരുന്നപ്പോള്‍ കുറച്ചു കൂടി ആശ്വാസം തോന്നുന്നുണ്ട് .... മറ്റേതു , ആകെ ഒരു മരവിപ്പാ.... "

ഞാന്‍ ഒന്നും പറഞ്ഞില്ല...

ചിരിച്ച മുഖത്തോടെയാണ് അവള്‍ ചോദിച്ചത് ... " നിനക്ക് കരയാന്‍ തോന്നുന്നില്ലേ?? "

"ഇല്ല..."
"അതെന്താ??? "

"അറിയില്ല.. ".... ശെരിക്കും, എനിക്കറിയില്ലായിരുന്നു ..

"എടീ..."
"എന്താ??"

"അടുത്ത മാസം നമ്മുടെ കല്യാണമാ..  "

"അതെങ്ങനെ ശെരി ആവും ..."

"അതെന്താ?? ശെരിയാവാത്തെ?? "

അവള്‍ ചെറുതായിട്ടൊന്നു ചിരിച്ചു .... "നിനക്കിഷ്ടം ... എന്നെയല്ലല്ലോ?? എന്‍റെ കൈവിരലുകളെ അല്ലെ?? ....... ആ കൈ അല്ലേ ഇന്ന് ഡോക്ടര്‍മാര്‍ മുറിച്ചെടുത്തത് ....?? !!!! "

പാതി മാത്രം ബാക്കി ഉണ്ടായിരുന്ന ആ കൈയില്‍ തലോടുമ്പോള്‍ ഞാന്‍ അവളുടെ അടുത്തേയ്ക്ക് കുറച്ചു കൂടി നീങ്ങി ഇരുന്നു ....

എപ്പോഴത്തെതും പോലെ തന്നെ ഞാന്‍ പറയുന്നതെന്തും കേള്‍ക്കാന്‍ അവള്‍ കാതോര്‍ത്തിരുന്നു ..

"അത് ... ഞാന്‍ കള്ളം പറഞ്ഞതാ .... ശെരിക്കും ഞാന്‍ സ്നേഹിച്ചത് ..... ഞാന്‍ അങ്ങനെ പറയുമ്പോഴുള്ള നിന്‍റെ കണ്ണുകളിലെ തിളക്കത്തെയായിരുന്നു "....

  കണ്ണീരിനിടയില്‍.....  ആ കണ്ണുകളിലെ തിളക്കത്തിനു കൂടുതല്‍ ഭംഗിയുള്ളതായി എനിക്കു തോന്നി ...

അവള്‍ ഉറക്കെ ചിരിച്ചു ..... ഞാനും ....

പുറത്തു കാത്തു നിന്ന, കൂടുതല്‍ ഓണം ഉണ്ട, ആര്‍ക്കും തന്നെ ഞങ്ങളുടെ ചിരിയുടെ അര്‍ഥം മനസിലായിട്ടുണ്ടായിരുന്നില്ല !!!! ...

No comments:

Post a Comment